KERALA NEWS TODAY – തിരുവനന്തപുരം: വിവാഹത്തിനുള്ള സ്ത്രീകളുടെ കുറഞ്ഞ പ്രായം 18 ല്‍ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ എതിർത്ത് കേരള സർക്കാർ.
നിയമഭേദഗതിയെ എതിർത്തുകൊണ്ടുള്ള കത്ത് കേരള സർക്കാർ കേന്ദ്രത്തിന് കൈമാറി. വാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മിഷന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പിനോടു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളം മറുപടി നല്‍കിയത്.
18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്കു വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കണമെന്നു പറയുന്നത് ശരിയല്ലെന്നാണ് കേരളം വ്യക്തമാക്കുന്നത്.
പോക്സോ നിയമം അനുസരിച്ചു സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനു 18 വയസ്സ് കഴിഞ്ഞവർക്ക് തടസ്സമില്ലെന്നതും കേരളം പ്രത്യേകമായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാർലമെന്റി സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിട്ട ബില്‍ തിരികെ എത്തി ലോക്സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ. ബില്‍ എന്തായാലും നിയമമായി മാറുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, 1872; 1936-ലെ പാഴ്‌സി വിവാഹ, വിവാഹമോചന നിയമം; മുസ്ലീം വ്യക്തിനിയമം (ശരിയത്ത്) അപേക്ഷാ നിയമം, 1937; പ്രത്യേക വിവാഹ നിയമം, 1954; ഹിന്ദു വിവാഹ നിയമം, 1955; കൂടാതെ വിദേശ വിവാഹ നിയമം, 1969, തുടങ്ങിയ വിവിധ നിയമങ്ങള്‍ ഭേദഗതികൾ വരുത്താനുള്ള വ്യവസ്ഥയും ഇതിലുണ്ട്.
പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് വിവാഹപ്രായവും മാതൃത്വവും തമ്മിലുള്ള പരസ്പര ബന്ധവും മറ്റ് ചില അനുബന്ധ വശങ്ങളും പരിശോധിച്ചതായി മന്ത്രാലയം അറിയിച്ചു.
വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷം, സമൂഹത്തിൽ കൂടുതൽ ലിംഗസമത്വത്തിന് ഫലപ്രദമായ പ്രചോദനം നൽകുന്നതിനായി സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാർക്ക് തുല്യമായി 21 വയസ്സായി ഉയർത്താൻ ശുപാർശ ചെയ്യുകയായിരുന്നു.
ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസവും പരിശീലനവും തൊഴിലധിഷ്ഠിത കോഴ്സുകളും പൂർത്തിയാക്കാനും പ്രായം ഉയർത്തുന്നത് ഗുണം ചെയ്യുന്നു.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച ശേഷം, ടാസ്‌ക് ഫോഴ്‌സ് നൽകിയ ശുപാർശകൾ ഉൾപ്പെടെ, വിജ്ഞാപനം വന്ന് രണ്ട് വർഷത്തിന് ശേഷം ഭേദഗതികൾ നടപ്പിലാക്കാൻ നിർദ്ദേശിച്ചതായും സർക്കാർ അറിയിച്ചു.