KERALA NEWS TODAY – തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പാകുന്നതോടെ കെഎസ്ആർടിസിക്ക് ഒരുമാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്.
അധികസെസ് തിരിച്ചടിയാകുമെന്ന് സമ്മതിച്ച കെഎസ്ആർടിസി, വിഷയം ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. കെഎസ്ആർടിസി ബസുകളോടിക്കാന്‍ ഒരുദിവസം 3,30,000 ലീറ്റർ ഡീസലാണ് വേണ്ടത്.
ഇന്ധനസെസ് വരുമ്പോള്‍ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നല്‍കണം.
ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപ വീതം അധികം കണ്ടെത്തണം.
കെഎസ്ആർടിസിയുടെ ചെലവിന്റെ സിംഹഭാഗവും ഇന്ധനത്തിനാണ്. പ്രതിമാസം ശരാശരി 100 കോടി രൂപ ഇന്ധനം വാങ്ങാന്‍ കോര്‍പറേഷന്‍ ചെലവഴിക്കുന്നുണ്ട്. ഇന്ധനസെസ് പ്രതികൂലമായി ബാധിക്കുമെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ഗതാഗതമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇലക്ട്രിക്, സിഎൻജി ബസുകൾ നിരത്തിലിറക്കിയാലേ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. ഇതിനും സർക്കാർ ധനസഹായം വേണം.