Verification: ce991c98f858ff30

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് ദുബായിൽ അന്തരിച്ചു

WORLD TODAY – ദുബായ്‌ : പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘനാളായി ചികിത്സയിലായിരുന്നു.

ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്‌ഡോസിസ് ബാധിതനായിരുന്നു മുഷറഫ്. ഇതേത്തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

1943 ഓഗസ്റ്റ് 11-ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഡൽഹിയിലായിരുന്നു മുഷറഫിന്റെ ജനനം. വിഭജനത്തിനു ശേഷം പാകിസ്താനിലെ കറാച്ചിയിലെത്തിയ അദ്ദേഹം 1964 -ൽ പാക് സൈനിക സർവീസിലെത്തി. 1999 ഒക്ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് സൈനികമേധാവിയായിരുന്ന അദ്ദേഹം അധികാരം പിടിച്ചെടുത്തത്. 2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡന്റായി. ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായി 2008ൽ സ്ഥാനമൊഴിഞ്ഞു.

ഏകാധിപത്യഭരണ നയം സ്വീകരിച്ചിരുന്ന മുഷറഫിനെതിരേ 2013-ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. അറസ്റ്റ് ഭയന്ന് പാകിസ്താൻ വിട്ട മുഷറഫ് 2016 മുതൽ ദുബായിലാണു കഴിയുന്നത്. മുഷറഫ് സേനാമേധാവിയായിരുന്ന കാലത്താണ് കാർഗിൽ യുദ്ധം നടന്നത്.

Leave A Reply

Your email address will not be published.