ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു.
ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശാന്തന്‍പാറ സ്വദേശി ശക്തിവേലാണ് കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് ആക്രമണം.
എന്നാല്‍ ശക്തിവേല്‍ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്ത് വന്നത്. ആനയിറങ്കല്‍ മേഖലയില്‍ കാട്ടാന ആക്രമണം തടയാന്‍ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു.
കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങൾക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേൽ.
ദിവസങ്ങളായി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടിൽ മൂന്ന് ആനകൾ നിൽക്കുന്നതായി തൊഴിലാളികൾ ഇന്ന് പുലർച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകൾ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേൽ മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി.
മൂടൽ മഞ്ഞ് കാരണം ആനകളെ കാണാനാകാതെ മുന്നിൽ ചെന്നുപെട്ടു എന്നാണ് പ്രാഥമിക നിഗമനം.
ഏറെ നേരം കഴിഞ്ഞിട്ടും ശക്തിവേൽ തിരിച്ച് എത്താതായപ്പോൾ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ തുടങ്ങി. ഒടുവില്‍ തേയിലക്കാട്ടിനുള്ളിൽ ആനകൾ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.