KERALA NEWS TODAY – ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.
കാർ യാത്രികരായ യുവാക്കളാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.
ഇവർ ഐ എസ് ആർ ഒ ക്യാന്റീനിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.
ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ പോയതായിരുന്നു. അമലാണ് ആശുപത്രിയിൽ മരിച്ചത്.
സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാർ പൂർണമായി തകർന്നു. മേൽപാലത്തിൽ പലയിടത്തുമുള്ള കുഴികൾ മുൻപ് അപകടങ്ങൾക്ക് കാരണമായിരുന്നു.