അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ച് ഇവൈ കമ്പനി. കമ്പനി നടത്തുന്ന ഔദ്യോഗിക അന്വേഷണം പൂർത്തിയാകും വരെ ഡ്യൂട്ടിയിൽ കയറരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. അന്നയുടെ മാനേജർമാർക്കെതിരെ കമ്പനിയിൽ തന്നെയുള്ളവർ രംഗത്തെത്തിയിരുന്നു. മാനേജർമാർ അവരുടെ താല്പര്യങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെന്നും ജോലി ഭാരം കൂട്ടുകയാണെന്നും ഉൾപ്പടെയുള്ള വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജര്‍ മീറ്റിങ്ങുകള്‍ മാറ്റിവെച്ചിരുന്നത്. ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്തു തീർക്കാൻ കഠിനാധ്വാനം ചെയ്യുന്നതിനിടെ അതിനും മുകളിൽ ജോലി നൽകുന്ന പ്രവണത ഇവർക്കുണ്ടായിരുന്നു.
ഇവൈയിൽ മാർച്ചിൽ എത്തിയതിന് ശേഷം രണ്ട് തവണയാണ് അന്ന നാട്ടിൽ വന്നതെന്ന് അമ്മ അനിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഈ രണ്ട് തവണയും ഞായർ ഉൾപ്പടെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു അന്ന. ശനിയും ഞായറും ഓഫീസിൽ അവധിയാണ് എന്നാൽ ഓഫീസിൽ ചെന്നിലെങ്കിലും താമസ്ഥലത്തുനിന്ന് ജോലി ചെയ്യണം. ഓഫിസിലെ ജോലിക്ക് ശേഷം വീട്ടിലെത്തിയാലും ഈ ജോലിയുമായി തന്നെ പാതിരാത്രി കഴിഞ്ഞിട്ടും ഇരിക്കേണ്ടിവന്ന അവസ്ഥ അന്നയ്ക്ക് ഉണ്ടായിരുന്നു. അസി. മാനേജരും മാനേജർമാരും നൽകുന്ന ജോലി എത്രയായാലും ചെയ്യണമെന്ന നിലയിലാണ് അന്നയെ പോലെയുള്ള മറ്റ് തൊഴിലാളികളും. ഇത് മുതലെടുത്ത് കൂടുതൽ കൂടുതൽ ജോലി ചെയ്യിക്കുകയാണ് ഇവരുടെ പതിവെന്നും ആരോപണങ്ങളുണ്ട്.