ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഒരുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ആറാഴ്ചത്തെ ജാമ്യമാണ് അനുവദിച്ചത്. അനുമതിയില്ലാതെ ഡല്‍ഹി വിടരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമുള്‍പ്പടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
ജൂലൈ 11ന് വരെയാണ് ജാമ്യം അനുവദിച്ചത്. ആറ് ആഴ്ച്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. കള്ളക്കടത്ത് കേസിൽ കഴിഞ്ഞ വർഷം മെയ് 30-നാണ് അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.
ഈ പണമുപയോഗിച്ച് മന്ത്രി ഡൽഹിയിൽ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. അതേസമയം ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.