കൊച്ചി: എറണാകുളത്തെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍.
കര്‍ണാടക സ്വദേശികളായ നിഖില്‍, ശ്രേയ എന്നീ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് പിടിയിലായത്.
ബൈക്കില്‍ കൊച്ചിയിലെത്തിയാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉഡുപ്പിയിലെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇവര്‍ മോഷ്ടിച്ചത്.
20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാല്‍ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഒഴിഞ്ഞുകിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മെറ്റില്‍ ഒളിപ്പിച്ചു കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കടയുടമകള്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ വൈറ്റിലയിലെ ഒരു പെറ്റ്‌ഷോപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ നായ്ക്കുട്ടികള്‍ക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.