Verification: ce991c98f858ff30

കൂട്ടുകാരോട് മത്സരിച്ച് ​അയൺ ഗുളികകൾ കഴിച്ചു; എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: മത്സരിച്ച് ​ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയൺ ​ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. ജയ്ബ ഫാത്തിമ(13) എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി 45 ഗുളികകൾ കഴിച്ചെന്നാണ് സൂചന. സ്കൂളിലെ പ്രധാനാധ്യാപകൻ്റെ മുറിയിൽ സൂക്ഷിച്ചിരുന്ന അയൺ ഗുളികകളാണ് കുട്ടി കഴിച്ചത്.

അഞ്ച് സുഹൃത്തുക്കളുമായി മത്സരിച്ച ജയ്ബ ഫാത്തിമ 45 ഓളം അയൺ ഗുളികകളാണ് വിഴുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചഭക്ഷണസമയത്ത് സംഭവം നടക്കുന്നത്. പ്രധാനാധ്യാപകൻ്റെ മുറിയിൽ കയറിയ ആറ് വിദ്യാർത്ഥികൾ അയൺ ഗുളികകൾ അടങ്ങിയ പെട്ടി കണ്ടെത്തുകയും തുടർന്ന് ആരാണ് കൂടുതൽ ഗുളികകൾ കഴിക്കുന്നതെന്ന് പരസ്പരം വെല്ലുവിളിച്ച് ​ഗുളികകൾ കഴിയ്ക്കുകയും ചെയ്യുകയായിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ജയ്ബ ഫാത്തിമ മരിക്കുന്നത്. സംഭവത്തിൽ സ്‌കൂളിലെ എട്ട് അധ്യാപകർക്കും പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് മെമ്മോ നൽകി. മരുന്നിൻ്റെ മൂന്ന് സ്ട്രിപ്പുകളാണ് ജെയ്ബ ഫാത്തിമ കഴിച്ചത്. ഓരോന്നിലും 15 ഗുളികകൾ ഉണ്ടായിരുന്നുവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ മുനിസ്വാമി പറഞ്ഞു.

തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ ആദ്യം ഊട്ടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടികളുടെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. പെൺകുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ജയ്ബ ഫാത്തിമയുടെ നില വഷളായതിനെ തുടർന്ന് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരിച്ചത്.

സ്‌കൂളിലെ ഉറുദു അധ്യാപികയാണ് ജയ്ബയുടെ അമ്മ. സർക്കാർ സ്‌കൂളുകളിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ അയൺ ഗുളികകൾ നൽകാറുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ടാബ്‌ലെറ്റ് വിതരണത്തിന് നോഡൽ അധ്യാപകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച നോഡൽ ടീച്ചറായ കലൈവാണി അവധിയിലായിരുന്നുവെന്നും മുനിസ്വാമി പറഞ്ഞു.

Leave A Reply

Your email address will not be published.