Verification: ce991c98f858ff30

കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടർമാർ പണിമുടക്കും

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎംഎയുടെ നിലപാട്.

ഇത്തരം സംഭവങ്ങൾ ഡോക്ടർ-രോ​ഗി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎ പറഞ്ഞു.
ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറയുന്നതല്ലാതെ അതുണ്ടാകുന്നില്ല. മർദ്ദിച്ചവർ പോലീസ് സാന്നിധ്യത്തിലാണ് ഇറങ്ങിപ്പോയത്. ഒരു മാസത്തിൽ അഞ്ച് എന്ന രീതിയിലാണ് ആശുപത്രികൾക്കെതിരെയുളള ആക്രമണം നടക്കുന്നത്. ആശുപത്രി സംരക്ഷണ നിയമം ഭേദ​ഗതി ചെയ്ത് ശക്തിപ്പെടുത്തണമെന്നും ഐഎംഎ കോഴിക്കോട് ഭാരവാഹികൾ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസ് എടുത്തു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി കെ അശോകനാണ് മര്‍ദ്ദനമേറ്റത്. സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചാണ് മര്‍ദ്ദനം. ആശുപത്രി കൗണ്ടറിൻ്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. ബന്ധുക്കള്‍ അടക്കമുളളവര്‍ക്കെതിരെയാണ് കേസ്. ആശുപത്രിയില്‍ വെച്ച് ഒരാഴ്ച്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരണപ്പെട്ടിരുന്നു.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യുവതി ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സിടി സ്‌കാന്‍ ഫലം വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗൈനക്കോളജിസ്റ്റായ അനിതയായിരുന്നു യുവതിയെ ചികിത്സിച്ചിരുന്നത്. പ്രകോപിതരായ യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്ന അനിതയുടെ ഭര്‍ത്താവ് ഡോക്ടര്‍ അശോകനെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഖത്ത് പരുക്കേറ്റ അശോകനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.