അമ്പലപ്പുഴ: മകളുടെ മരണത്തിനു കാരണമെന്തെന്നറിയാനുള്ള കാത്തിരിപ്പിൻ്റെ വേദന പങ്കുവെച്ച് നിദ ഫാത്തിമയുടെ പിതാവിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. മകളുടെ യഥാർഥ മരണകാരണം അറിയാൻ താൻ എവിടെയാണ് പോകേണ്ടതെന്ന് അറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെയെങ്കിലും തനിക്കും കുടുംബത്തിനും നീതി ലഭിക്കും എന്ന വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് ഷിഹാബുദീൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതുവരെയായിട്ടും നാഗ്പൂരില്‍ മരിച്ച കേരള സൈക്കില്‍ പോളോ ടീം അംഗം നിദാ ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പിതാവ് ശിഹാബുദ്ദീൻ പറഞ്ഞു.
ഡിസംബര്‍ 22നാണ് നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ അമ്പലപ്പുഴ വടക്ക് ഏഴരപീടികയില് സുഹറ മന്‍സിലില്‍ ശിഹാബുദ്ദീന്റെ മകള്‍ നിദ ഫാത്തിമ മരിച്ചത്. ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കാൻ പരിശീലകരും മറ്റ് കളിക്കാരോടും ഒപ്പമാണ് നിദ നാഗ്പുരില്‍ എത്തുന്നത്. 22ന് രാവിലെ വയറുവേദനയും തുടര്‍ന്നുണ്ടായ ഛർദിയും കാരണമാണ് നിദയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്.
അവിടെവെച്ച് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായ നിദയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം. നാഗ്പുരിലെ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍, മൂന്ന് മാസം പിന്നിട്ടിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിനുശേഷം മാതാവ് അന്‍സില ഇനിയും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാനാകാതെ ശിഹാബുദ്ദീനും വീട്ടില്‍തന്നെയാണ്.