കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നത്.
പോലീസിൻ്റെ ഹർജി നിലനിൽക്കില്ലെന്ന കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പോലീസാണ് ആകാശിൻ്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പോലീസിൻ്റെ റിപ്പോർട്ട്.
രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിൻ്റെ മരണം.