കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ കേസ് എടുത്തു. രണ്ടു ദിവസം മുൻപ് ആണ് കേസിന് ആസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസാണ് ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തത്.
പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലാണ്. ശനിയാഴ്ചയാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ആക്രമണം നടത്തിയ അറ്റൻഡറാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് ശേഷം സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത്. ഇതിനുശേഷം കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയശേഷം യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശൻ്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ജീവനക്കാരൻ്റെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം തുടങ്ങി.