Verification: ce991c98f858ff30

ലൈഫ് മിഷൻ കോഴ: സി എം രവീന്ദ്രന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം: ലൈഫ്മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ഹാജരാകില്ല.രവീന്ദ്രൻ രാവിലെ നിയമസഭയിലെ ഓഫീസിലെത്തി. രാവിലെ പത്ത് മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് നോട്ടിസ് നല്‍കിയത്.ലൈഫ് മിഷന്‍ പദ്ധതിയിലും കോഴയിടപാടിലും സി എം രവീന്ദ്രന്‍റെ പങ്ക് സംശയിക്കാവുന്ന തെളിവുകള്‍ കൂടി ലഭിച്ച സാഹചര്യത്തിലായിരുന്നു ഇഡിയുടെ നീക്കം.മുമ്പും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.പിന്നീട് ആരോ​ഗ്യ പ്രശ്നം പറഞ്ഞ് തിരുവനന്തപുരം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിൽസയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.ലൈഫ് മിഷൻ കോഴകേസിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്.കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി എം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.എന്നാൽ സി എം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടിയിരുന്നത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എംശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.
Leave A Reply

Your email address will not be published.