തിരുവനന്തപുരം: കൊച്ചി നിവാസികളെ രണ്ടാഴ്ചത്തോളം ശ്വാസംമുട്ടിച്ച ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക.
ബ്രഹ്മപുരം കത്തി 13 ദിവസം കഴിയുമ്പോഴാണ് മുഖ്യമന്ത്രി ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയ്ക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് പ്രസ്താവന നടത്താൻ തീരുമാനിച്ചത്. 12 ദിവസം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്ത് തീകെടുത്തിയതിന് അഗ്നിശമന സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി ഫേയ്സ്‌ബുക്ക് കുറിപ്പിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്‌പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് ചട്ടം 300. പ്രസ്താവനയ്ക്കിടയിൽ ചോദ്യം ചോദിക്കാനാവില്ല. മാലിന്യ നീക്കത്തിന് കരാറെടുത്ത കമ്പനിക്കെതിരെയും പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ ഉയർന്നു. കമ്പനി തന്നെ മാലിന്യകൂമ്പാരത്തിന് തീയിട്ടതാണെന്നും കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം ആരോപിച്ചത്.