കൊച്ചി: കളമശേരി പോലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിള കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റു. ജലപീരങ്കിയേറ്റ് വനിതാ പ്രവർത്തകർ പലരും റോഡിലേക്ക് തെറിച്ചു വീണു.
ജെബി മേത്തർ എംപിയെ റോഡിലൂടെ വലിച്ചിഴച്ചു. ജലപീരങ്കിയുടെ ശക്തിയിൽ ഒരു പ്രവർത്തക നൂറു മീറ്റർ അകലേക്ക് തെറിച്ചു വീണു. യുവതിയുടെ താടിയെല്ലിന് ഗുരുതര പരുക്കേറ്റു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പരുക്കേറ്റ പ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
കളമശേരി പോലീസിന്റേതുൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ നടപടികളിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. പ്രധാനമായും കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിക്കെതിരായ പോലീസ് അതിക്രമത്തിൽ നടപടിയെടുക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.