കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡിമരണത്തിൽ മനോഹരനെ എസ്ഐ മാത്രമാണ് മര്‍ദിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. മറ്റ് പോലീസുകാര്‍ മര്‍ദിച്ചതിന് തെളിവില്ല, സാക്ഷിമൊഴികളുമില്ല. എസ്ഐ മര്‍ദിച്ചെന്ന് തെളിഞ്ഞതുകൊണ്ടാണ് സസ്പെന്‍ഡ് ചെയ്തതെന്നും സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ പറഞ്ഞു. വാഹനപരിശോധനയ്ക്കിടയിൽ എസ്ഐ ജിമ്മി ജോസ് മുഖത്ത് അടിക്കുന്നതു കണ്ടതായുള്ള ദൃക്സാക്ഷിയുടെ മൊഴിയാണു കേസിൽ ഏറ്റവും നിർണായകം.
എസ്എച്ച്ഒക്കെതിരെ പരാതി കിട്ടിയിട്ടുണ്ട്. പരാതി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ്ഐ ജിമ്മി ജോസിനെതിരെ നടപടി സ്വീകരിച്ചിരുന്നു. പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന കാരണത്താൽ ശനിയാഴ്ച രാത്രിയിലാണ് പോലീസ് പിന്തുടർന്ന് മനോഹരനെ പിടികൂടിയത്. തുടർന്ന് മുഖത്തടിച്ചു. വലിച്ച് ജീപ്പിൽ കയറ്റിയ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പോലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും.