തൃശ്ശൂർ: നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്. മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പമാണ് ടൗൺ ഹാളിലെത്തിയത്. ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും കണ്ട് അവരെ ആശ്വസിപ്പിച്ചും കുറച്ച് സമയം അവർക്കൊപ്പം ചിലവഴിച്ചുമാണ് മുഖ്യമന്ത്രി തിരികെ മടങ്ങിയത്.
മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തിയിരുന്നു. അതേസമയം ഇന്നസെന്‍റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനസാഗരമാണ് എത്തിയത്. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.