Verification: ce991c98f858ff30

‘സോണ്‍ടയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; തൊട്ടടുത്ത ദിവസം കരാര്‍’-ടോണി ചമ്മിണി

KERALA NEWS TODAY – കൊച്ചി: ബ്രഹ്‌മപുരത്തെ തീ പിടിത്തത്തില്‍ ആരോപണവിധേയരായ കരാര്‍ കമ്പനി സോണ്‍ടയുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് ആരോപിച്ച് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി.

കമ്പനി മേധാവികളുമായി മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് പിന്നാലെ കേരളത്തിലെ മൂന്ന് കരാറുകള്‍ ഇവര്‍ക്ക് ലഭിച്ചെന്നും ടോണി ചമ്മിണി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവര്‍ സോണ്‍ട കമ്പനി മേധാവിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ടോണി ചമ്മിണി പുറത്തുവിട്ടു.

‘2019 മെയ് എട്ട് മുതല്‍ 12 വരെ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ട കമ്പനിയുടെ കണ്‍സോര്‍ഷ്യവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോണ്‍ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്‌ഐ.ഡി.സി. സിംഗിള്‍ ടെന്‍ഡറായി സോണ്‍ടയ്ക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്.

ഇതുകൊണ്ടാണ് കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒളിച്ചുകളിച്ചത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ന് സഭയില്‍ സംസാരിച്ചത്. അതാണെങ്കില്‍ കമ്പനിയെ വെള്ളപൂശുന്ന നിലയിലുമായിരുന്നു.

ടെന്‍ഡറില്‍ പങ്കെടുക്കുന്ന ഒരു കമ്പനിയുമായി കരാറിന് തൊട്ടുമുമ്പായി കൂടിക്കാഴ്ച നടത്തുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’ ടോണി ചമ്മിണി പറഞ്ഞു.

മെയ് 12-ന് മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ നിന്ന് തിരിച്ചെത്തി. മെയ് 14ന് കോഴിക്കോട് സോണ്‍ട കമ്പനി സിംഗിള്‍ ടെന്‍ഡറില്‍ കരാറായി. പിന്നീട് കൊച്ചിയും കൊല്ലത്തും ഇവര്‍ക്ക് കരാറായി. മൂന്ന് ഇടങ്ങളിലും നിയമാനുസൃതമായിട്ടല്ല കരാര്‍ നടത്തിയിട്ടുള്ളത്.

പിന്നിലുള്ള ബാഹ്യ ഇടപെടല്‍ എന്ന് പറയുന്നത് നെതല്‍ഡ്‌സിലെ കൂടിക്കാഴ്ചയാണ്.

കമ്പനിയുടെ പ്രതിനിധിയായി ഒരു വിദേശ പൗരന്‍ അടങ്ങിയ സാഹചര്യത്തില്‍ ഇതിലൊരു സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു.

‘all roads lead to Rome’ എന്ന് ഇംഗ്ലീഷിലൊരു പഴഞ്ചൊല്ല് ഉണ്ട്! കേരളത്തില്‍ നടക്കുന്ന ഏത് അഴിമതിയും അന്വേഷിച്ചാല്‍ ചെന്ന് നില്‍ക്കുക ക്ലിഫ് ഹൌസിലാണെന്നും ചമ്മിണി ആരോപിച്ചു.

Leave A Reply

Your email address will not be published.