ന്യൂഡല്‍ഹി: സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്ര സർക്കാർ. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളണമെന്ന് ആവിശ്യപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഭര്‍ത്താവ്, ഭാര്യ, അവരില്‍ ഉണ്ടാകുന്ന കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് സമാനമല്ല സ്വവര്‍ഗ വിവാഹമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.
ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവർഗ്ഗ വിവാഹം മൗലികാവകാശത്തിൻ്റെ ഭാഗമല്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.