കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന്‍ സമ്മര്‍ദം ചെലുത്തി എന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ അഞ്ചു പേരെയാണ് പ്രതിചേര്‍ത്തത്. ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശന്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.
പ്രതിയായ അറ്റൻഡർ ശശീന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ സംഭവത്തിന് പിന്നിൽ പ്രതി ശശീന്ദ്രന്‍റെ രാഷ്ട്രീയ സ്വാധീനമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്ന് താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട് പിന്നീട് സ്ഥിരപ്പെട്ട ജീവനക്കാരനാണ് ശശീന്ദ്രൻ. ഇയാൾക്കെതിരെ മോശം പെരുമാറ്റത്തിന് മുൻപും പരാതി വന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാരടക്കം പോലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുകയായിരുന്നു അറ്റന്ററായ ശശീന്ദ്രന്‍റെ ജോലി. സംഭവ ദിവസം പ്രതി സ്ത്രീകളുടെ വാർഡിൽ തുടർന്നു. രോഗിയുടെ ദേഹത്ത് വസ്ത്രങ്ങൾ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്ന് ശശീന്ദ്രൻ നഴ്സിനോട് പറഞ്ഞു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് യൂറിൻ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടി ഇല്ലായിരുന്നു. തുടർന്ന് ശശീന്ദ്രനെ ശകാരിച്ച് ഇറക്കിവിട്ടെന്ന് നഴ്സ് പോലീസിന് മൊഴി നൽകി.