Kerala News Today-വയനാട്: നിര്‍ത്തിയിട്ട കാര്‍ കത്തി കണ്ണൂര്‍ സ്വദേശിയായ ടെക്സ്റ്റൈല്‍സ് ഉടമ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റൈല്‍സ് ഉടമ കേളകം നാനാനിപ്പൊയില്‍ കോണ്‍വെന്റിന് സമീപത്തെ നാട്ടുനിലത്ത് എം.കെ മാത്യു (മത്തച്ചന്-58)വാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കണിയാരം ഫാ. ജികെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍വശത്തെ റബ്ബര്‍തോട്ടത്തില്‍ നിര്‍ത്തിയിട്ട കാറിനാണ് തീപിടിച്ചത്.
സ്കൂളില്‍ കലോത്സവവുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയായിരുന്നു. ഇവിടെ ജോലിക്കെത്തിയവരാണ് കാര്‍ കത്തുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ അണച്ചു. ഇതിന് ശേഷമാണ് ഡ്രൈവറുടെ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വാഹനത്തിൻ്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
വൈകിട്ടോടെ മാത്യുവിൻ്റെ ബന്ധുക്കളും നാട്ടുകാരും എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
മാത്യു കാറോടിച്ച് പോകുന്നതിൻ്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Kerala News Today Highlight – Textile owner’s body was found burnt inside the car.