Kerala News Today-കോഴിക്കോട്: ബഫര്‍ സോണില്‍ ഉപഗ്രഹ സര്‍വേയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. ഗൗരവമുള്ള പരാതികള്‍ വിദഗ്ധസമിതി പരിഗണിക്കും. ഭൂതല സര്‍വേയ്ക്കായി കുടുംബശ്രീയെ ഉപയോഗപ്പെടുത്തും.
ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വ്വേ നല്‍കുക.
ഉപഗ്രഹ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസ് നീക്കം. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.
ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും.
കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവില്‍ ഏഴ് പഞ്ചായത്തുകള്‍ ബഫർ സോണിലുണ്ട്.
പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവ്വേയിൽ ഇല്ല.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്.
Kerala News Today Highlight – Buffer Zone: Minister AK Saseendran will resolve .