തിരുവനന്തപുരം: പോലീസിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ.
മംഗലാപുരം പാച്ചിറ ഷെഫീക്ക് മൻസിൽ ഷെഫീക്ക്(25) ആണ് പിടിയിലായത്. ആര്യനാട് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷെഫീക്കിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
നിർമ്മാണത്തിലിരിക്കുന്ന തൻ്റെ വീട്ടിൽ രണ്ട് പേർ താമസിക്കുന്നത് കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ വീട്ടുടമയെ മർദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ടത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിനൊപ്പമുണ്ടായിരുന്ന കൂട്ടാളി അബിൻ എന്നയാൾ ഓടി രക്ഷപ്പെട്ടു.
മംഗലപുരം പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെയാണ് കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം ബോംബേറുണ്ടായത്. രണ്ട് തവണയും തലനാരിഴക്കാണ് പോലീസ് രക്ഷപ്പെട്ടത്.
ബുധനാഴ്ച വൈകീട്ടാണ് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്.
ബൈക്ക് തട്ടിയെടുത്ത ശേഷം നിഖിലിൻ്റെ അടിവസ്ത്രത്തിൽ പടക്കം തിരുകിവച്ചു. വാളുകാട്ടി ഭീഷണിപ്പെടുത്തിയാണ് ബൈക്ക് കടത്തിയത്. സ്വർണകവർച്ച ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളായ ഷഫീക്ക്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടികൊണ്ടുപോകൽ.
ഷെഫീക്കിൻ്റെ വീട്ടിൽ കൊണ്ടുപോയി നിഖിലിനെ സംഘം മർദ്ദിച്ചു.
നിഖിൽ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. നിഖിലിനെ മോചിപ്പിക്കാൻ അച്ഛനെ വിളിച്ച് അഞ്ചുലക്ഷം രൂപ ഗുണ്ടാസംഘം ആവശ്യപ്പെട്ടു.
ലൊക്കേഷനും അയച്ചു കൊടുത്തു. ലോക്കേഷൻ കേന്ദ്രീകരിച്ച് കഴക്കൂട്ടം പോലിസ് ഇന്നലെയെത്തുമ്പോള്‍ കഴക്കൂട്ടം ഏലായിൽവച്ച് നിഖിലിനെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. അതിന് ശേഷം ഷഫീക്ക്, ഷെമീർ എന്നിവരുടെ വീട്ടിൽ പോലീസെത്തി.
വീട്ടിനുള്ളിൽ നിന്നും ഗുണ്ടാസംഘം പോലീസിനുനേരെ ബോംബറിഞ്ഞു.
വീണ്ടും കിഴ്പ്പെടുത്താൻ ശ്രമിച്ചപ്പോള്‍ പ്രതികളുടെ അമ്മ ഷീജ പോലീസിനുനേരെ മഴുവെറിഞ്ഞു.
ഷെമീറിനെയും ഷീജയെയും മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് നേരെ ബോംബെറിഞ്ഞ ഷെഫീഖ് വീണ്ടും ഒളിവിൽ പോകുകയായിരുന്നു.