Verification: ce991c98f858ff30

‘ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണം’: ബിജെപി എംഎല്‍എ

ഗുവാഹത്തി: താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് അസം ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും കുര്‍മി പറഞ്ഞു. ഇക്കാര്യങ്ങള്‍ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

”ഷാജഹാന്‍ ഹിന്ദു രാജകുടുംബങ്ങളുടെ സ്വത്ത് ഉപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചത്. നാലാം ഭാര്യയ്ക്ക് വേണ്ടിയാണ് അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചത്. ഷാജഹാന്‍ ഏഴ് വിവാഹങ്ങള്‍ ചെയ്തു. മുംതാസ് നാലാം ഭാര്യയാണ്. മുംതാസിനെ ഷാജഹാന്‍ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തത്. താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ശേഷം അവയുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. ഇതിനായി എൻ്റെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണ്.”-എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ ദിവസം മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. സംഭവത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് എന്‍സിഇആര്‍ടി നേരിട്ടത്. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍. ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങളും ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍സിഇആര്‍ടി ഒഴിവാക്കിയിരുന്നു. സിലബസ് പരിഷ്‌ക്കരണമെന്ന വിശദീകരണത്തോടെയാണ് പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.