കണ്ണൂര്‍: റബ്ബറിൻ്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപി നേതാക്കളെ കണ്ട ശേഷം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബിഷ്പ്പ് ഹൗസില്‍ ബിജെപി നേതാക്കള്‍ പാംപ്ലാനിയെ കണ്ടത്. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റബ്ബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന പ്രസ്താവന പാംപ്ലാനി നടത്തിയത്.
ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ്, എന്നി നേതാക്കൾ ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം തങ്ങളെ അറിയിക്കുകയും, കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാരിനെയും തങ്ങൾ പിന്തുണക്കും അതിൽ രാഷ്ട്രീയം നോക്കാതെ, നിലകൊള്ളുമെന്ന് വ്യക്തനാക്കിയതായും നേതാക്കള്‍ പറഞ്ഞു.
ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ ന്യൂനപക്ഷമോർച്ചയുടെ ഇടപെടൽ പ്രശംസനീയം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റബ്ബറിന് 300 രൂപ ആക്കണം എന്ന പിതാവിന്‍റെ ആവശ്യം കേന്ദ്ര ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, കർഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ്, എൻ ഹരിദാസും ന്യുനപക്ഷ മോർച്ച ജില്ല പ്രസിഡന്‍റ് അരുൺ തോമസും അറിയിച്ചു.