Verification: ce991c98f858ff30

ന്യുമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

ഷാഡോൾ: വീണ്ടും അന്ധവിശ്യാസത്തിനിന് ഇരയായി ഒരു ജീവൻ. മധ്യപ്രദേശിലാണ് സംഭവം.

ഒരു കുഞ്ഞു ജീവനാണ് മന്ത്രവാദത്തിന് ഇരയായത്. ന്യുമോണിയ മാറാൻ മൂന്നു വയസുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്.

രോഗം മാറാനെന്ന പേരില്‍ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. മന്ത്രവാദ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് ന്യുമോണിയ ബാധിക്കുന്നത്. ശ്വാസമെടുക്കുന്നതിനും കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

രോഗമുള്ള കുഞ്ഞിനോട് അന്ധവിശ്വാസത്തിൻ്റെ പേരില്‍ ക്രൂരത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അംഗനവാടി ജീവനക്കാരി ഇരുമ്പ് ദണ്ഡ് കുഞ്ഞിൻ്റെ ശരീരത്തില്‍ വയ്ക്കരുതെന്ന് ഉപദേശിച്ചിരുന്നുവെന്ന് ജില്ലാ കളക്ടര്‍ വന്ദന വൈദ് പറഞ്ഞു.

കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. ചികിത്സിക്കാന്‍ വൈകിയതും മന്ത്രവാദ ചികിത്സയും അണുബാധ പടരാന്‍ കാരണമായെന്നും ഇതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.