പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസ് വിധി പറയാന്‍ മാറ്റി. ഏപ്രില്‍ നാലിന് കേസില്‍ വിധി പറയും. മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയുടേതാണ് നടപടി. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്.
മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിനുശേഷമാണ് അടുത്ത ചൊവ്വാഴ്ച വിധി പറയുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾകൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ആൾക്കൂട്ട മർദനത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പോലീസ് അന്നുതന്നെ കേസെടുത്തു. 16 പേർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് വിചാരണ ആരംഭിക്കാതിരുന്നതോടെ ജാമ്യം ലഭിച്ചു.
സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019 ൽ വി.ടി രഘുനാഥിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ഹൈകോടതി അഭിഭാഷകൻ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം. മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചെങ്കിലും മധുവിൻ്റെ കുടുംബത്തിൻ്റെ എതിർപ്പിനെത്തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷൽ പ്രോസിക്യൂട്ടർ.