Verification: ce991c98f858ff30

അട്ടപ്പാടി കേസിൽ വിധി വരുന്ന ദിവസം മധുവിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ

KERALA NEWS TODAY – പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകും.

വിധി വരുന്ന ദിവസം ആക്രമണത്തിനും ഭീഷണിപ്പെടുത്തലിനും സാധ്യതയുണ്ടെന്ന മധുവിന്റെ അമ്മ മല്ലിയുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. അഗളി ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല.

മധുവിന് നീതി തേടിയുള്ള യാത്രയിൽ തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയാണ് അമ്മ മല്ലി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

സമൂഹത്തിന്റെ അവഗണന, കുടുംബത്തിന് നേരെയുണ്ടായ പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിപ്പെടുത്തൽ, സഹായിക്കുന്നവരെ നിരന്തരം ഒറ്റപ്പെടുത്തൽ, യാത്രാ സൗകര്യം മുടക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

മധു വധക്കേസിൽ വിധി വരുമെന്ന് പ്രതീക്ഷിക്കുന്ന ചൊവ്വാഴ്ച കോടതി പരിസരത്ത് പ്രതികളുടെ ബന്ധുക്കളുടെ സാന്നിധ്യമുണ്ടാകുമെന്നും ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും മധുവിന്റെ കുടുംബം ഭയപ്പെടുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഒരുക്കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് തുടർ നടപടിക്ക് അഗളി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

സായുധ സേനാംഗങ്ങളുടെ സാന്നിധ്യം മധുവിന്റെ കുടുംബത്തിനൊപ്പമുണ്ടാകും. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും നിരീക്ഷിക്കും. പൊലീസിനൊപ്പം മധു നീതി സഹായ സമിതിയും കുടുംബത്തിന്റെ സുരക്ഷയൊരുക്കാൻ പ്രത്യേക സഹായവുമായി രംഗത്തുണ്ടാകും.

 

Leave A Reply

Your email address will not be published.