കൊല്ലം: കൊല്ലത്ത് മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയും നാലംഗ സംഘം മർദ്ദിച്ചു. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം പബ്ലിക് ലൈബ്രറിക്കു മുന്നിലെ റോഡിൻ്റെ ശോചനീയാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സംഘം ചോദ്യംചെയ്യുകയും സമീപത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടയുടെ ചിത്രം എടുത്തതാണെന്ന ധാരണയില്‍ ഫോട്ടോ ഗ്രാഫറുടെ പക്കല്‍ നിന്ന് ക്യാമറ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. റോഡിൻ്റെ മോശം അവസ്ഥ സംബന്ധിച്ച് വാര്‍ത്ത നല്‍കാനാണെന്നും അതിൻ്റെ ഭാഗമായാണ് റോഡിൻ്റെ ഫോട്ടോ എടുത്തതെന്നും പറഞ്ഞിട്ടും സംഘം അസഭ്യം പറഞ്ഞ് കൈയേറ്റത്തിനു ശ്രമിച്ചു.
തുടര്‍ന്ന് വാര്‍ത്താ ശേഖരണത്തിനായി പോളയത്തോട് ഭാഗത്തേക്ക് ബൈക്കില്‍ പോയ ഇരുവരെയും സായുധരായ മൂന്നംഗ സംഘം ബൈക്കില്‍ പിന്‍തുടര്‍ന്നു. ഇത് മനസ്സിലാക്കിയ റിപ്പോര്‍ട്ടര്‍ വിവരം കൊല്ലം ഈസ്റ്റ് പോലീസില്‍ അറിയിച്ചു. പോളയത്തോട് ശ്മശാനത്തിനു മുന്നിലെത്തിയപ്പോള്‍ അക്രമി സംഘം മാധ്യമ പ്രവര്‍ത്തകരുടെ ബൈക്ക് തടഞ്ഞ് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തു. അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്രപ്രവർത്തകരെ ആക്രമിച്ചതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ മാതൃക പരമായി ശിക്ഷിക്കണമെന്നും കമ്മിറ്റി അധികാരികളോട് അഭ്യർത്ഥിച്ചു.