KERALA NEWS TODAY – പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ‘പി.ടി.7-ന്റെ’ ശരീരത്തിൽ നിന്ന് 15 ഓളം പെല്ലെറ്റുകൾ കണ്ടെത്തി.
വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകൾ കണ്ടെത്തിയത്.
സ്ഥിരമായ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാം പെല്ലെറ്റുകൾ വരാൻ കാരണമെന്നാണ് സംശയിക്കുന്നത്.
ഇത്തരത്തിൽ പെല്ലെറ്റുകൾ ശരീരത്തിൽ തറച്ചത് ആന കൂടുതൽ അക്രമാസക്തനാകാൻ കാരണമായിട്ടുണ്ടാകാമെന്നും വനംവകുപ്പ് കരുതുന്നു.
പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തിട്ടുണ്ട്.
ധോണി വനംഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് നിലവിൽ പിടി7 ഉള്ളത്. കൂട്ടിലുള്ള ‘ധോണി’ രാത്രി ബഹളമുണ്ടാക്കാതെ ശാന്തനായി കഴിയുന്നതായി വനപാലകർ പറഞ്ഞു. ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ ദേഷ്യമൊക്കെ കാണിക്കുന്നുണ്ട്.
കൊമ്പുകൊണ്ട് കൂടിന്റെ അഴികളിളക്കാനും കാലുകൾ രണ്ടും കൂടിനുമുകളിലേക്ക് ഉയർത്തി അഴികൾ പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. പിടികൂടാനായി വയനാട്ടിൽനിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച മടങ്ങുകയും ചെയ്തു.