ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്‍റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
പാർട്ടിയുടെ സ്ഥാപക ദിനമായ ഇന്ന് അനിൽ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വി മുരളീധരൻ ചടങ്ങിൽ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിൻ്റെ താല്പര്യത്തിനൊപ്പം നിലപാട് എടുത്ത വ്യക്തിയാണ് അനിൽ എന്ന് അദ്ദേഹം കൂടി ചേർത്തു. ഇന്ത്യയിലെ കോൺഗ്രസിനെയും അതിലുപരി കേരള ഘടകത്തെയും പ്രതിരോധത്തിലാക്കുന്ന നീക്കമാണ് ഇന്ന് ബിജെപി നടത്തിയത്.
കോൺഗ്രസ് സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ച മുതിർന്ന നേതാവുകൂടിയായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് എത്തിക്കുന്നതിൽ വിജയിക്കാൻ അവർക്കായി. കോൺഗ്രസിൻ്റെ ഡിജിറ്റൽ ടീമിൽ സ്ഥാനം വഹിച്ചിരുന്ന നേതാവ് കൂടിയായ അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനം വിമർശകർക്ക് ഉള്ള മറുപടിയെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.