Verification: ce991c98f858ff30

ലൈഫ് മിഷൻ വിവാദത്തിൽ രേഖ പുറത്തുവിട്ട് അനില്‍ അക്കര

തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തില്‍ രേഖകളുമായി മുൻ എംഎൽ‌എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനില്‍ അക്കര ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അനിൽ അക്കരയുടെ ആരോപണം.

ഇതിനായി ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിൻ്റെ രേഖ അനില്‍ അക്കരെ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വിദേശസംഭാവന നിയന്ത്ര ചട്ടം ലംഘിച്ചതായും അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അനില്‍ അക്കര ആരോപിച്ചു. ലൈഫ്മിഷന്‍ ഇടപാടിൻ്റെ ഗൂഢാലോചന നടന്നത് ക്ലിഫ് ഹൗസിലാണെന്നും സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കരെ പറഞ്ഞു. എഫ്‌സിആര്‍എ നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

കേസില്‍ താന്‍ കക്ഷി ചേരുമെന്നും അനില്‍ അക്കര പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷൻ്റെ ഫ്‌ലാറ്റുമായി ബന്ധപ്പെട്ട കേസില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വടക്കാഞ്ചേരിയിലെ മുന്‍സിപ്പാലിറ്റിയിലെ 2.18 ഏക്കറില്‍ ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ യുണിടാക്കിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്. വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് പണിയാന്‍ തീരുമാനമെടുത്തത് കേരള സര്‍ക്കാരോ, റെഡ് ക്രോസോ ലൈഫ് മിഷനോ അല്ലെന്നും യുഎഇ കോണ്‍സുലേറ്റാണെന്നും അനില്‍ അക്കര പറഞു.

 

Leave A Reply

Your email address will not be published.