Verification: ce991c98f858ff30

ഓടുന്ന ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

KOTTARAKKARA NEWS – കൊട്ടാരക്കര: ഓടുന്ന കൂറ്റൻ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി ബൈക്കുമായി കുടുങ്ങിയ യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന.15 മിനിറ്റോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കിഴക്കേത്തെരുവ് സ്വദേശി അജയി(35)നെ പരുക്കുകളോടെ പുറത്തെടുത്തു.ഇന്നലെ രാത്രി 7.15ന് ദേശീയപാതയിൽ താലൂക്ക് ആശുപത്രിക്കു സമീപം വീനസ് ജംക്‌ഷനിലായിരുന്നു അപകടം.കൊല്ലത്ത് ചരക്ക് എത്തിച്ച ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലോറി. കാറിനെ മറികടന്ന ബൈക്ക് ലോറിക്ക് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബൈക്കും യുവാവും ലോറിക്കടിയിൽ കുരുങ്ങിക്കിടന്നു. ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.കൊട്ടാരക്കര‌യിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ജാക്കി ഉപയോഗിച്ച് ലോറിയുടെ മുൻ ചക്രങ്ങൾ ഉയർത്തിയാണ് യുവാവിനെ പുറത്തെടുത്തത്.ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൊട്ടാരക്കര സ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫിസർ വിനോദ്കുമാർ, ഓഫിസർമാരായ അനുരാഗ്, കെ.ആർ.ശ്രീരാജ്, ഷാൻകുമാർ, ജയകൃഷ്ണൻ,രതീഷ്, ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.പൊലീസും സഹായത്തിന് എത്തിയിരുന്നു. വൻ ഗതാഗതക്കുരുക്കും ഉണ്ടായി.
Leave A Reply

Your email address will not be published.