കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎല്‍) ഓര്‍ഗനൈസര്‍ സ്ഥാനത്തുനിന്ന് താരസംഘടന ‘അമ്മ’ പിന്മാറി. സിസിഎല്‍ മാനേജ്മെന്‍റുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. നോണ്‍പ്ലെയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് മോഹല്‍ലാല്‍ ഉണ്ടാകില്ല, താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ പങ്കെടുക്കാം.
നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തൻ്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിർദേശിച്ചു. സിസിഎൽ 3യുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ മോഹൻലാലിൻ്റെ നിർദേശത്തെ തുടർന്ന് ടീം നീക്കം ചെയ്തിരുന്നു. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും ഇടവേള ബാബു പറഞ്ഞു.
ഇപ്പോൾ കളിക്കുന്ന ടീമുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു. തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിൻ്റെ ഉടമസ്ഥർ. കോവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം സിസിഎൽ നടക്കുന്നത്. അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വർഷം ടീം മാനേജർ. നേരത്തെ ടീമിന്റെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയിരുന്നു മോഹൻലാൽ. ടീമിൻ്റെ നടത്തിപ്പ് താരസംഘടനയായ അമ്മയായിരുന്നു.