KERALA NEWS TODAY – തൃശൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തൃശൂരിലെത്തുന്നു. 2024ലെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു മുന്നോടിയായാണ് അദ്ദേഹമെത്തുന്നത്.
ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30നു ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും. 2നു ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. 3നു ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന പാർലമെന്റ് മണ്ഡലം നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
അടുത്ത ഒരു വർഷത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനരേഖ നേതാക്കന്മാർ അവതരിപ്പിക്കും.
3.45 നു വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30നു തേക്കിൻകാട്ടിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ശ്രദ്ധേയം. പാർട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന വിലയിരുത്തലുമുണ്ട്.