Verification: ce991c98f858ff30

ഷുക്കൂർ വക്കീലും ഷീനയും രണ്ടാമതും വിവാഹിതരായി

കാഞ്ഞങ്ങാട്: നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യ ജീവിതിത്തിൻ്റെ 28-ാം വർഷത്തിലാണ് വീണ്ടും വിവാഹിതരായത്.മക്കളെ സാക്ഷിയാക്കി ഇന്ന് രാവിലെ 10.15ന് രജിസ്ട്രാർ ഓഫീസിൽവെച്ചായിരുന്നു വിവാഹം.സ്പെഷ്യൽ മാര്യേജ് നിയമം വകുപ്പ് പ്രകാരം ഹൊസ്ദുർഗ് സബ് രജിസ്ട്രാർ കാര്യാലയത്തിൽ വെച്ചാണ് വിവാഹിതരായത്.അഡ്വ സജീവനും സിപിഎം നേതാവായ വിവി രമേശനും സാക്ഷികളായി ഒപ്പുവെച്ചു.കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയാണ് ഷീന. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നത് പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ.ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിൻ്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക.ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്. രണ്ടുതവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിൻ്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂറിൻ്റെ കുറിപ്പില്‍ പറയുന്നു.1994 ഒക്ടോബര്‍ ആറിനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ ഷുക്കൂറും ഷീനയും നിക്കാഹ് കഴിച്ചത്.
Leave A Reply

Your email address will not be published.