Verification: ce991c98f858ff30

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

കോഴിക്കോട്: കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ.

8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പോലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങരയിൽ ഇറങ്ങിയ ഉടനെ ഇവരെ പോലീസ് പിടികൂടി.

പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ പോലീസിന് വിവരം കൈമാറുകയായിരുന്നു.

മലപ്പുറം വേങ്ങരയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി പൂനം ദേവിയാണ് രാത്രി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നത്.

ഫോറെന്‍സിക് വാര്‍ഡിലെ ശുചി മുറിയുടെ വെന്റിലേറ്ററിൻ്റെ ഗ്രില്‍ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് പൂനം ദേവി കടന്നു കളഞ്ഞത്. 12.30ഓടെയാണ് കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്നത്.

ഫോറന്‍സിക് വാര്‍ഡ് അഞ്ചാം നമ്പരിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ മാസം 31നാണ് കാമുകനുമായി ചേര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത്.

ഇതിനുശേഷം ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പൂനം ദേവിയെ കിടത്തി ചികിത്സിക്കേണ്ടതുണ്ടെന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. 3.30ന് ശേഷമാണ് ഇവര്‍ കുതിരവട്ടത്തെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ വെന്റിലേറ്റര്‍ വഴി പുറത്തുകടക്കുകയായിരുന്നു.

Leave A Reply

Your email address will not be published.