Verification: ce991c98f858ff30

താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

കോഴിക്കോട്: താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയായ ഷാഫിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസം കര്‍ണാടകയില്‍ നിന്നാണ് ഷാഫിയെ കണ്ടെത്തിയത്. ഷാഫി കര്‍ണാടകയിലുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ‌ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസിന് സംഭവത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നു. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.

Leave A Reply

Your email address will not be published.