Verification: ce991c98f858ff30

കോവളത്തെ നാല് വയസുകാരൻ്റെ മരണം: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കോവളം മുക്കോല പോറോട് പാലത്തിന് സമീപം ബൈക്കിടിച്ച് നാലു വയസുകാരൻ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണിയാപുരം ചിറ്റാറ്റമുക്ക് സ്വദേശി മുഹമ്മദ് ആഷിഖിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് ബൈക്ക് റേസിങ്ങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.

അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പോലീസ് കരമനയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നു കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ മാസം 30ന് രാത്രിയാണ് കോവളം ആഴാകുളം പെരുമരം എം എ വിഹാറില്‍ ഷണ്‍മുഖ സുന്ദരം-അഞ്ജു ദമ്പതികളുടെ ഇളയ മകന്‍ യുവാന്‍(4) മരിച്ചത്. ഭക്ഷണവും കളിപ്പാട്ടവും വാങ്ങാന്‍ മാതാവിനൊപ്പം പോയി മടങ്ങുമ്പോള്‍ പോറോട് ഭാഗത്തെ ഇരുട്ട് നിറഞ്ഞ പാത മുറിച്ച് കടക്കുമ്പോഴായിരുന്നു യുവാനെ മുഹമ്മദ് ആഷിക് ബൈക്കിടിച്ച് വീഴ്ത്തിയത്.

നിര്‍ത്താതെ പോയ ബൈക്കിനായി പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് വാഹനം ആഡംബര ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. സിസിടിവിയും ബൈക്ക് ഷോറൂമുകളും സര്‍വീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കരമനയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്.

തുടര്‍ന്ന് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പേടി കാരണമാണ് പോലീസില്‍ കീഴടങ്ങാത്തതെന്ന് മുഹമ്മദ് പറഞ്ഞതായി കോവളം എസ്എച്ച്ഒ എസ് ബിജോയ് പറഞ്ഞു. യുവാവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

Leave A Reply

Your email address will not be published.