KERALA NEWS TODAY – തൃശൂർ : കാസർകോട്ടു നിന്ന് 12 ദിവസം മുൻപ് കാണാതായ യുവാവിനേയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. കാസർകോട് കല്ലാർ സ്വദേശി മുഹമ്മദ് ഷെരീഫ്, അയൽവാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും.
ജനുവരി ഏഴു മുതൽ ഇരുവരേയും കാണാതായി. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.
കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിനിടെയാണ് ജീവിത പങ്കാളിയേയും മക്കളേയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടത്. ഗുരുവായൂരിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ഇരുവരും മുറിയെടുത്തു.
പിറ്റേന്ന് ഉച്ചയ്ക്ക് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. ലോഡ്ജിലെ ജീവനക്കാർ ജനൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ഉടനെ പൊലീസിൽ വിവരമറിയിച്ചു. ലോഡ്ജിൽ നൽകിയ വിലാസത്തിൽ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു.
അങ്ങനെയാണ്, ഇരുവരും നാടു വിട്ടെത്തിയതാണെന്ന് ബോധ്യപ്പെട്ടത്. കാസർകോട് രാജപുരം പൊലീസ് ഇരുവരേയും കാണാതായതിന് കേസെടുത്തിരുന്നു.