കൊല്ലം: അനുവാദം ഇല്ലാതെ യുവതിയുടെ ഫോട്ടോ തൻ്റെ ഫേസ്ബുക് പേജിൻ്റെ ഡിസ്പ്ലേ പിക്ചർ ആക്കിയ പേജ് ക്രിയേറ്ററിനെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കൽ, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വീഡിയോകളും മെസ്സേജുകളും പോസ്റ്റ് ചെയ്യുന്ന ഈ പേജിൻ്റെ ക്രിയേറ്റർ ആയ കോഴിക്കോട് സ്വദേശി ഉനൈസ് (24) ആണ് അറസ്റ്റിലായത്.
നിരവധി ഫോള്ളോവെഴ്‌സ് ഉള്ള ഫേസ്ബുക് പേജിൻ്റെ ഡിസ്പ്ലേ പിക്ചർ തന്റേതാണെന്ന് സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്.
തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം.എലിൻ്റെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അനേഷ്വണം നടത്തിയതിൽ തൻ്റെ പേജിൻ്റെ റീച്ച് കൂട്ടാനാണ് ഇത്തരത്തിൽ ഫോട്ടോ ‘ഡിസ്പ്ലേ പിക്ചർ’ ആയി അപ്‌ലോഡ് ചെയ്തത് എന്ന് പ്രതി വിശദീകരിച്ചു.
സെർച്ച് എൻജിൻ വഴി ഇമേജ് സെർച്ച് നടത്തിയാണ് പ്രതി യുവതിയുടെ ഫോട്ടോ ഡൗൺലോഡ് ചെയ്ത് എടുത്തത്.
വിവര സാങ്കേതിക നിയമം 66 സി വകുപ്പ് പ്രകാരം മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത്.
ഇൻസ്‌പെക്ടർ എലിയാസ് പി ജോർജിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ബിനു സി.എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തനൂജ എന്നിവരാണ് കേസിൻ്റെ അന്വേഷണം നടത്തിയത്.