തൃശ്ശൂർ: തൃശ്ശൂരില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍. കിള്ളിമംഗലത്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ്(32) ആണ് മര്‍ദനത്തിനിരയായത്. അടയ്ക്കാ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ പിടികൂടുകയായിരുന്നു. കെട്ടിയിട്ട് മര്‍ദിച്ചതിൻ്റെ ചിത്രങ്ങള്‍ പോലീസീന് ലഭിച്ചു.
അടക്ക മോഷണം പോകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഭവം നടന്ന വീട്ടിൽ സിസിടിവി വെച്ചിരുന്നു. അടക്ക മൊത്ത വ്യാപാരിയുടേതാണ് വീട്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.