കണ്ണൂർ: കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍(21) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് രാജഗിരിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ എബിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ യുവാവിനെ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകവെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാകാം ആക്രമണത്തിന് ഇരയായതെന്ന് കരുതുന്നത്. എബിൻ എന്ത് ആവശ്യത്തിനാണ് വീട്ടിൽനിന്ന് ഏറെ അകലെയുള്ള രാജഗിരിയിലെത്തിയതെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കാട്ടാന ആക്രമണം ആണെന്ന നിഗമനത്തിലാണ് പോലീസുകാരും നാട്ടുകാരും.