Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കഴിഞ്ഞ നവംബർ മൂന്നാം തീയതി ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള ഞായറാഴ്ച മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ 45കാരി ആബിദയാണ് മരിച്ചത്. എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കാണ് പരുക്കേറ്റിരുന്നത്. സംഭവത്തിൽ ശ്രീനഗർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

പാകിസ്താൻ ഭീകരരുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ടൂറിസം ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമാക്കി ഇവർ ഗ്രനേഡ് എറിയുകയായിരുന്നു. സാധനം വാങ്ങാൻ എത്തിയവരുടെ ഉൾപ്പടെ വലിയ തിരക്കായിരുന്നു മാർക്കറ്റിൽ. സ്ഫോടനത്തിൽ പരുക്കേറ്റവരിലേറെയും പ്രദേശവാസികളാണ്. ലഷ്കറെ തായ്ബയുടെ പാകിസ്താൻ കമാൻഡർ ഉസ്മാനെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങൾ നീതീകരിക്കാൻ കഴിയാത്തതാണെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവത്തിന് തൊട്ട് പിന്നാലെ പ്രതികരിച്ചിരുന്നു . ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കാൻ കഴിയണമെന്നും സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണമെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.

Leave A Reply

Your email address will not be published.