Verification: ce991c98f858ff30

അതിരപ്പിള്ളിയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി

തൃശ്ശൂർ: തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷൻ്റെ ഒന്നാം ബ്ലോക്കിൽ കണ്ടെത്തി. അമ്മയാന ഉൾപ്പെടെ 12 ആനകളും ഒപ്പമുണ്ടായിരുന്നു. തുമ്പിക്കൈ ഇല്ലാത്തതിനാൽ കുട്ടിയാനയ്ക്ക് തീറ്റ നൽകുന്നതും വെള്ളം ചീറ്റിച്ച് നൽകുന്നതും അമ്മയാന ആണ്. റബർ എസ്റ്റേറ്റിൽ ഏതാനും മണിക്കൂർ തമ്പടിച്ച ശേഷം ആനക്കൂട്ടം മടങ്ങി.

മൂന്നാമത്തെ തവണയാണ് ഈ ആനക്കുട്ടിയെ കാണുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തെ രണ്ട് തവണ കണ്ടപ്പോഴും ഈ ആന ആനക്കൂട്ടത്തിനൊപ്പമായിരുന്നു. നാലുമാസം മുമ്പാണ് തുമ്പിക്കൈ മുറിഞ്ഞു പോയ നിലയിൽ കുട്ടിയാനയെ അമ്മയാനയ്‌ക്കൊപ്പം ഏഴാറ്റുമുഖം ഭാഗത്ത് ആദ്യമായി കണ്ടത്. ചികിൽസ നൽകാൻ വനംവകുപ്പ് പല തവണ ശ്രമിച്ചെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് വീണ്ടും ആനക്കുട്ടി ക്യാമറകളില്‍ പതിഞ്ഞത്.

പുതിയ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും തുമ്പിക്കൈ ഇല്ലാത്തത് ജന്മനയുള്ള വൈകല്യമായിരിക്കാമെന്നും വനംവകുപ്പ് പറഞ്ഞു. കൂട്ടത്തില്‍ നിന്ന് വേറിട്ട് പോകേണ്ടി വരുന്ന സാഹചര്യത്തിന് മുന്‍പ് ആനക്കുട്ടിയെ അന്വേഷിച്ച് പരിധിക്കുള്ളില്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് വനംവകുപ്പ്. ആനയ്ക്ക് സംരക്ഷണം ഒരുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.