പാലക്കാട്: പാലക്കാട് വനത്തിനുള്ളിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മംഗലം ഡാം തളികക്കല്ല് ഊരുനിവാസി സുജാതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് സുജാതയെയും കുഞ്ഞിനെയും വനത്തിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഊരിൽ വെളളമില്ലാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞിരുന്നത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
കഴിഞ്ഞ പതിനേഴാം തീയതി തൃശ്ശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ യുവതിയെ ആശുപത്രി ചികിത്സകളെ കുറിച്ച് ധാരണ ഇല്ലാത്തതിനാൽ 18ന് ബന്ധുക്കൾ വീട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. തുടർന്ന് രക്തസ്രാവം അനുഭവപ്പെട്ടതോടെ യുവതിയുമായി ബന്ധുക്കൾ കാടിനകത്ത് പോയി പ്രസവം നടത്തുകയായിരുന്നു.