കൊച്ചി: കൊച്ചി ചേരാനെല്ലൂരില്‍ അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്നുപേര്‍ പിടിയില്‍.
ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു സംഘത്തിന്‍റെ ലഹരിയിടപാടുകള്‍. സംശയത്തെ തുടര്‍ന്ന് ചേരാനല്ലൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമാഫിയ സംഘം കുടുങ്ങിയത്.
ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫല്‍ മുണ്ടക്കയം സ്വദേശിനി അപര്‍ണ എന്നിവരാണ് അറസ്റ്റിലായത്.
ഇടപ്പള്ളിയിലെ ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്.
കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളികകള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
ആറുമാസം ഗര്‍ഭിണിയായ അപര്‍ണയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കെന്ന പേരിലായിരുന്നു ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയെടുത്തത്.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ പരിശോധനയുണ്ടാകില്ലെന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇവര്‍ രണ്ടാഴ്ചയിലേറെയായി താമസിക്കുകയായിരുന്നു.
ലഹരിമാഫിയ സംഘങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിലും പരിശോധന നടത്തിയത്. അപര്‍ണക്കെതിരെ ഇതിന് മുന്‍പും സമാന കേസുകളില്‍ പ്രതിയായിരുന്നുവെന്നും സനൂപ് മോഷണ, വധശ്രമ കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.