KERALA NEWS TODAY – തിരുവനന്തപുരം : വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽവെച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ആറ്റിങ്ങൽ സ്വദേശി സനോജ് ഓടിച്ചിരുന്ന വാഹനമാണ് കത്തിയത്.
അപകട സമയത്ത് സനോജ് മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു.
യാത്രാമധ്യേ നാട്ടുകാർ വണ്ടിയിൽ നിന്ന് പുക ഉയരുന്ന കാര്യം വിളിച്ചുപറഞ്ഞപ്പോഴാണ് സനോജ് വണ്ടി ഒതുക്കിയത്. വാഹനത്തിൽ സെൻട്രൽ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി പുറത്തേക്കിറങ്ങി ഓടുകയുമായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.
വെഞ്ഞാറമൂട് നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.