Verification: ce991c98f858ff30

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്.

വൈപ്പിൻ സ്വദേശി ആന്റണിയാണ്(46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.

ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം തന്നെ മരിച്ചു.

അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത ബസ് ആണ് ആന്‍റണിയെ ഇടിച്ചിട്ടത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസ്.

കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു.

സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആന്‍റണി ബസ് തട്ടിയതോടെ ടയറിന്‍റെ ഭാഗത്തേക്ക് വീണു.

ആന്‍റണിയെ ഹോം ഗാർഡും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

Leave A Reply

Your email address will not be published.